ഉമ്മൻ ചാണ്ടിയെ യാത്രയാക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച പുതുപ്പള്ളിയിലെത്തും

 ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. ഡൽഹിയിലുള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച മൂന്നരയ്ക്കാണു സംസ്കാര ചടങ്ങുകൾ.

തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മൻ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്തു കാത്തുനിൽക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ (79) വിയോഗം. പ്രതിപക്ഷ ഐക്യത്തിനായുള്ള നിർണായക യോഗം നടക്കുന്ന ദിവസം ബെംഗളൂരുവിലുണ്ടായിരുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നിര ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത കേട്ടാണ് ഉണർന്നത്. ‘ചാണ്ടി ജീ’ എന്ന് വിളിക്കുന്ന, കോൺഗ്രസിന്റെ ജനകീയ നേതാവിന് അന്ത്യോപചാരം അർപ്പിക്കാൻ അവർ ഓടിയെത്തി.

കർണാടകയിലെ കോൺഗ്രസ് മുൻ മന്ത്രി അന്തരിച്ച ടി.ജോണിന്റെ വസതിയിലായിരുന്നു ബെംഗളൂരുവിൽ ഉമ്മൻ ചാണ്ടി താമസിച്ചിരുന്നത്. ആ വീട്ടിലെ സ്വീകരണ മുറിയിൽ നിശ്ചലനായി കിടന്ന അദ്ദേഹത്തിനു ദേശീയ നേതാക്കൾ നിറകണ്ണുകളോടെ വിടചൊല്ലി. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ചേർത്തുപിടിച്ച് രാഹുൽ ആശ്വസിപ്പിച്ചു. സോണിയയ്ക്കു മുന്നിൽ മറിയാമ്മയുടെയും മക്കളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. സഹപ്രവർത്തകന്റെ മൃതദേഹത്തിനു മുന്നിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വികാരാധീനനായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *