ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകീട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്.

ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *