ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍

സനാതനധര്‍മം പകര്‍ച്ചവ്യാധി പോലെയാണെന്നും അത് ഉന്മൂലനംചെയ്യണമെന്നുമുള്ള ഡി.എം.കെ. നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാനറിയാം രാഷ്ട്രീയം അറിയുമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മകനായിട്ടും അച്ഛന്റെ മകനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്ന് കിളച്ചും ചുമന്നുമൊന്നും വന്നതല്ല. അപ്പം കാണുന്നവനെ അപ്പായെന്ന് വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല’, ഗണേഷ്‌കുമാര്‍ പറഞ്ഞു.

‘ആരാണ്ട് വിളിപ്പിച്ചപ്പോള്‍ അവരെ സുഖിപ്പിക്കാന്‍ അവരുടെ കൂടെ പറയുക. നായന്മാരുടെ ക്ഷേത്രത്തിന്റെ സമ്മേളനത്തില്‍നിന്നുകൊണ്ടാണ് ഞാന്‍ ഇതരമതങ്ങളെ മാനിക്കണം എന്ന് പറഞ്ഞത്. അല്ലാതെ മറ്റ് മതസ്ഥരുടെ അടുത്ത് ചെന്നിട്ട് നായന്മാരെക്കുറിച്ച് പറയുന്നതല്ല. എല്ലാമതങ്ങളുടേയും ആത്മീയവിശ്വാസങ്ങള്‍ക്കും വലിയ വിലയുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇതിന്റെ പേരില്‍ എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തുടര്‍ന്നും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *