ഇ.പിയ്‌ക്കെതിരായ ആരോപണം: മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹം: ചെന്നിത്തല

ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്തത് ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ഇ.പി. ജയരാജന്‍ ഒന്നാം പിണറായി സര്‍ക്കാരിലെ രണ്ടാമനും പിണറായിയുടെ സന്തത സഹചാരിയുമായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇ.പി.ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരക്ഷരം പറയാന്‍ കഴിയാത്തത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജീര്‍ണത വെളിവാക്കുന്നതാണ്. അഴിമതിയില്‍ മുങ്ങിക്കളിച്ചു നില്‍ക്കുന്ന പിണറായി ഇ.പി.ക്കെതിരായ പരാതി ഇത്രയും കാലം കൈയില്‍ വെച്ചുകൊണ്ടിരുന്നുവെന്നത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരും, ചെന്നിത്തല പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഏറെയും മുഖ്യമന്ത്രിയും അന്ന് മന്ത്രിയായിരുന്ന ഇ.പി.യും അറിഞ്ഞുകൊണ്ടുതന്നെയാണ്. അതിനാലാണ് ഇ.പി.ക്കെതിരേ ഇത്ര കടുത്ത ആരോപണം ഉയര്‍ന്നിട്ടും പിണറായി മൗനം പാലിക്കുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് സത്യം പറയണം. ഇ.പി.ക്കെതിരേ പി. ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ച ആരോപണം സംബന്ധിച്ച വസ്തുതകള്‍ തുറന്നുപറയാതെ മുഖ്യമന്ത്രിക്ക് അധികനാള്‍ മുന്നോട്ടു പോകാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി. അതിന്റെ തുടര്‍ച്ചയാണ് ഇ.പി.ക്കെതിരായ ഗുരുതര ആരോപണത്തിന്റെ മേല്‍ ഒരു നടപടിയുമില്ലാതെ പിണറായി ഇരുട്ടില്‍ തപ്പുന്നതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *