ഇന്ധന സെസ് ഒരു രൂപയായി കുറയ്ക്കാൻ സാധ്യത; അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചേക്കും

ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നു.

നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇന്ധന സെസിനെ പർവ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്.

സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലക്കും അഭിപ്രായമുണ്ട്. നാളെയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ച മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *