‘ഇന്ത്യ’ സഖ്യത്തിൽ സി.പി.എമ്മുണ്ടാകും, സജീവമായി മുന്നിലുണ്ടാകും; എം.വി. ഗോവിന്ദൻ

‘ഇന്ത്യ’ മഹാ സഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സി.പി.എമ്മുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സഖ്യത്തിലെ 28 പാർട്ടികളോടൊപ്പം സി.പി.എമ്മും സജീവമായി മുന്നിലുണ്ടാകും. സഖ്യത്തിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം ബംഗാളിലും കേരളത്തിലും സഖ്യമായി മത്സരിക്കേണ്ടതില്ലെന്ന് സി.പി.ഐ.എം. തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടിടങ്ങളിലും പ്രധാന എതിരാളി ഇന്ത്യാ സഖ്യത്തിൽപ്പെട്ടവർത്തന്നെയായതിനാലാണിത്. മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സി.പി.എം. കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമിതിയിൽ അംഗമായി ചേർത്തിട്ടുണ്ടെങ്കിലും പ്രതിനിധിയെ അയക്കേണ്ടെന്നാണ് പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായത്. പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയിൽ തുടരുമെങ്കിലും അംഗങ്ങളായ പാർട്ടികളുടെ തീരുമാനത്തിനുമുകളിൽ പ്രത്യേക സമിതികൾ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കി. എന്നാൽ, ഒക്ടോബർ അവസാനം പാർട്ടിയുടെ പരമോന്നത സമിതിയായ കേന്ദ്രകമ്മിറ്റി യോഗം ചേരുമ്പോൾ തീരുമാനം മാറാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *