‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്, ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്’; ശ്രീനിവാസൻ

സുരേഷ് ഗോപിയെ വ്യക്തിപരമായി തനിക്ക് വലിയ ഇഷ്ടമാണെന്ന് നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പാർട്ടിയോട് എനിക്ക് താത്പര്യമില്ലെങ്കിലും അദ്ദേഹത്തോട് എനിക്ക് താത്പര്യമുണ്ടെന്ന് ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് പിണറായി സർക്കാരിനോ അതോ കേന്ദ്ര സർക്കാരിനോ, ആർക്കെതിരെയുള്ള ജനവിധിയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ഒരു മോഡൽ ആദ്യമുണ്ടായത് ഗ്രീസിലാണെന്ന് പറയുന്നു. നമ്മളേക്കാളൊക്കെ ബുദ്ധിയുണ്ടെന്ന് പറയുന്ന സോക്രട്ടീസ് അന്ന് ചോദിച്ചത്, ഭരിക്കാൻ കഴിവുള്ളവരെ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു. പക്ഷേ ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവരെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. നമ്മുടെ നാട്ടിൽ വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്. ‘- ശ്രീനിവാസൻ പറ‌ഞ്ഞു. ഭാര്യയ്‌ക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *