ഇടുക്കിയിൽ സ്പൈസസ് പാര്‍ക്ക് ഉൾപ്പെട വികസന പദ്ധതികളുമായി സർക്കാർ

ഇടുക്കി മുട്ടത്തെ കിന്‍ഫ്ര സ്പൈസസ് പാര്‍ക്കിന്റെ നിർമാണോദ്ഘാടനം ഈ ശനിയാഴ്ച നടക്കും.15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കിന്‍ഫ്രയുടെ കൈവശമുള്ള 37 ഏക്കര്‍ സ്ഥലത്ത് പാര്‍ക്ക്നിര്‍മ്മിക്കാനാണ് പദ്ധതി. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും.

ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന് 10 കോടി രൂപ അനുവദിച്ചു. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.കൂടാതെ കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയില്‍ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയ സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്.

” 4 ജി ടവര്‍ “

പട്ടിക വര്‍ഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച്, ബി എസ് എന്‍ എല്‍ ഫോര്‍ ജി (4 ഏ) ടവര്‍ ഇടമലക്കുടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കിയിട്ടുള്ളത്.

കോണ്‍ക്രീറ്റ് റോഡ്

24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. ഇവര്‍ക്ക് പൊതുസമൂഹവുമായി കൂടുതല്‍ ഇടപഴകുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്‍റെ നിര്‍മ്മാണം ഇന്നലെ ആരംഭിച്ചിട്ടുള്ളത്. പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം

ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഈ വിദ്യാഭ്യാസ വര്‍ഷം ഇടമലക്കുടി ട്രൈബല്‍ എല്‍ പി സ്കൂള്‍ യു പി ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. കൊച്ചിന്‍ റിഫൈനറീസിന്‍റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും അന്തിമ ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *