ഇടുക്കി മൂന്നാര്‍ മേഖലയില്‍ 229.76 ഏക്കര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ച 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ഏറ്റെടുത്തു.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാരിനു അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12ല്‍ സര്‍വ 12, 13, 14, 15, 16 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഉടുമ്ബൻചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ 5.55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റവും ഇന്ന് ഒഴിപ്പിച്ചു.സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ഭൂ സംരക്ഷണ സേന എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്.
സ്ഥലം ഏറ്റെടുത്തു അവിടെ ഉണ്ടായിരുന്ന കെട്ടിടം സീല്‍ ചെയ്ത് സര്‍ക്കാര്‍ അധീനതയിലാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചു.
ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിങ്ക് കണ്ടത്ത് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു.