‘ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്’: പ്രചരണത്തിനിടെ മുകേഷ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ്. സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം. സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരമാണ് കിട്ടുന്നത്. ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും റോഡ് ഷോ പ്രചരണത്തിനിടെ മുകേഷ്  പറഞ്ഞു.

പ്രചരണത്തിനിടെ എല്ലാവരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മണ്ഡലത്തില്‍ സജീവമാകാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പെടെ വേഗത്തിലാക്കിയാണ് ഇത്തവണ എല്‍ഡിഎഫ് കൊല്ലത്ത് പ്രചാരണം നേരത്തെ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ആളുകളെ കണ്ട് അവരുമായി പരിചയം പുതുക്കിയപ്പോള്‍ അതെല്ലാം സിനിമക്ക് വേണ്ടിയുള്ളതാണെന്നും വോട്ടായി മാറില്ലെന്നുമായിരുന്നു എതിരാളികള്‍ പറഞ്ഞത്. എന്നിട്ടും തന്നെ ജനങ്ങള്‍ പിന്തുണച്ചു. എംഎല്‍എയായി. അതുപോലെ ഈ ലോക്സഭ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു.

ഇതിനിടെ,തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുമെന്ന ചുവരെഴുത്ത് പ്രചാരണത്തെ പരിഹസിച്ച് മന്ത്രി കെ രാജൻ രംഗത്തെത്തി. സുരേഷ് ഗോപി കഴിഞ്ഞ തവണ മത്സരിച്ചപ്പോഴും രാജ്യ സഭാംഗമായപ്പോഴും ഇത് കേട്ടതാണെന്നുംഉള്ള കേന്ദ്ര മന്ത്രിയെ പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വമെന്നും കെ. രാജന്‍ പറഞ്ഞു.

അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം മുതല്‍ പല ഗ്യാരണ്ടികളും കേട്ടിട്ടുണ്ടെന്നും അതുപോലെ കേന്ദ്ര മന്ത്രിയെന്ന ഗ്യാരണ്ടിയും തൃശൂരില്‍ വിലപ്പോവില്ലെന്നും കെ രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *