ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്ക് മഞ്ഞപ്പിത്തം; വടകരയിൽ ആശുപത്രി അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ആരോ​ഗ്യവകുപ്പ്

വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വടകരയിൽ സി.എം. ആശുപത്രി അടച്ചുപൂട്ടാൻ വടകര നഗരസഭ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. കുടുംബങ്ങൾ നഗരസഭക്ക് നൽകിയ പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പ് വഴി മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തി.

ആശുപത്രിയുടെ മുൻവശത്തുള്ള ഫാർമസിയുടെ മുമ്പിൽ സ്ലാബിട്ട് ടൈൽ പാകിയതിനുള്ളിൽ ഒരു കിണർ കണ്ടെത്തിയിരുന്നു. കിണറിലെ വെള്ളം ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ രോഗികളെ മാറ്റി മതിയായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളൊരുക്കാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇതുവരെ മാലിന്യം നീക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതർ OP പരിശോധന നിർത്തിവെച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലത്ത് പരിശോധന നടത്തുകയുണ്ടായി. റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *