ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷം; കുട്ടിയുടെ മൃതദേഹത്തിൽ നിറയെ മുറിവുകൾ

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയെ പ്രതി അസ്ഫാക് ലൈംഗിക പീഡനത്തിനിരയാക്കിയതായി കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പീഡനവിവരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കുട്ടിയെ ചെളിയിൽ പൂഴ്ത്തി മൃതദേഹത്തിന് മുകളിൽ വലിയ പാറക്കല്ലുകളെടുത്ത് വെച്ചാണ് അസ്ഫാക് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്. കസ്റ്റഡിയിലെടുത്തപ്പോഴും പണത്തിനായി കുഞ്ഞിനെ കൈമാറി എന്നതടക്കം മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ അസ്ഫാക് തന്നെയാണ് പ്രതി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കുട്ടിയുടെ ശരീരത്തിൽ വലിയ പാറക്കല്ലുകൾ വെച്ചിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി നേരത്തേ ആലുവ റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പ്രതി പറഞ്ഞ പ്രകാരം നടത്തിയ തെരച്ചിലിലാണ് ആലുവ മാർക്കറ്റിന് പിൻവശത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതലാണ് കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ബിഹാർ സ്വദേശിയായ അസ്ഫാക് ആലം.

Leave a Reply

Your email address will not be published. Required fields are marked *