ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഇന്ന് രാവിലെ പോലീസ് ഹാജരാക്കിയത്. തുടർന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് വേദനയോടെ നാട് യാത്രാമൊഴിയേകി. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെയാണ് ആലുവയിൽ അഞ്ചുവയസ്സുകാരി പെൺകു‌ഞ്ഞിനെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടത്തിയ പ്രതി അസഫാക് ആലത്തിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. പിന്നീട് ആലുവ മാർക്കറ്റിനുള്ളിൽ ചേതനയറ്റ മൃതദേഹമായിട്ടാണ് പെൺകുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിലും ആന്തരീകാവയവങ്ങളിലും ​ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പോലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *