ആറ്റിങ്ങലിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്

ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം വോട്ടില്‍ കൃത്രിമം ഉണ്ടെന്ന പരാതി കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ പരിശോധിച്ച് വരികയാണ്.

ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാര്‍ഡ്, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നൽകിയിട്ടുള്ളതെന്നാണ് നിയുക്ത കോൺഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ അടൂര്‍ പ്രകാശ് പറയുന്നത്.

കഴിഞ്ഞ തെരഞ്ഞടുപ്പിൽ 1,12,322 പേരുകളില്‍ ഇരട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് അടൂര്‍ പ്രകാശ് പരാതി നല്‍കിയതെങ്കിൽ ഇത്തവണയത് 1,72,000 ആണ്. പ്രചാരണത്തിനിറങ്ങും മുമ്പെ കോൺഗ്രസിന് പരാജയ ഭീതിയെന്ന് തിരിച്ചടിക്കുകയാണ് ഇടതുമുന്നണി. പരാതിയുള്ളവര്‍ പോയി പരിഹരിക്കട്ടെ എന്നും ഇടതുമുന്നണി പറയുന്നു.

ഔദ്യോഗിക പ്രഖ്യാപനം കാത്ത് പരസ്യ പ്രചാരണത്തിന്‍റെ ഓരത്തിരിപ്പാണിപ്പോഴും അടൂര്‍ പ്രകാശ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടം നേടിയ ആറ്റിങ്ങലിൽ അരയും തലയും മുറുക്കി അങ്കം തുടങ്ങിയിരിക്കുകയാണ് ബെജിപി സ്ഥാനാർത്ഥി വി മുരളീധരൻ. പരാതി പരിശോധിച്ച് വരികയാണെന്നാണ് കളക്ട്രേറ്റിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും കിട്ടുന്ന മറുപടി.

Leave a Reply

Your email address will not be published. Required fields are marked *