ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; നടക്കുന്നത് കൃത്യമായ അന്വേഷണം, ശുഭ വാർത്ത പ്രതീക്ഷിക്കാമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ

കൊല്ലം ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാം എന്ന വിവരം പോലീസിൽ നിന്ന് ലഭിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘ശുഭകരമായ വാർത്ത പ്രതീക്ഷിക്കാം എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷണം നടത്തുന്നുണ്ട്. ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നു. സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കുട്ടിയെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണം. പോലീസുമായി ചർച്ച നടത്തുന്നുണ്ട്’- ബാലാവകാശ കമ്മിഷൻ ചെയർമാൻ പറഞ്ഞു.

കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കാണാതായിട്ട് 16 മണിക്കൂർ പിന്നിടുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്നും സംശയാസ്പദമായി മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും ഇവർക്ക് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ വിട്ടയച്ചേക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *