സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസുമായി ഇടഞ്ഞ പി സരിനെ കൈവിട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആര് പോയാലും പാലക്കാട്ടെ ജനവിധിയെ ബാധിക്കില്ലെന്നും താനാണ് സർവവും എന്ന് കരുതിയാൽ അത് അപകടമാണെന്നും സുധാകരൻ പറഞ്ഞു. ഇടതു സ്വതന്ത്രനായി പി സരിൻ മൽസരിക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടെയാണ് സുധാകരന്റെ പ്രതികരണം.
‘ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അതെടുത്ത് വായിൽ വെക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അര്‍ത്ഥമെന്നും ചേലക്കരയിൽ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു.
സരിൻ പോകണമെന്ന് ആർക്കും ആഗ്രഹമില്ല. അദ്ദേഹത്തിന് പോയേ മതിയാകൂ എങ്കിൽ നമുക്ക് അദ്ദേഹത്തെ തടുക്കാനാവില്ല. രാഷ്ട്രീയമെന്നത് എല്ലാവരുടെയും ബോധ്യത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ചിന്തയെ മാറ്റാൻ നമുക്ക് കഴിയില്ല. അദ്ദേഹം വളരെ ഉയർന്ന വിദ്യാഭ്യാസമുള്ളയാളും കഴിവുള്ളയാളുമാണ്. കഴിവുകളെ ഒന്നും കുറച്ചുകാണുന്നില്ല. ആരും അദ്ദേഹത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. എഐസിസിയെ വെല്ലുവിളിച്ച് ഇന്നലെ പത്രസമ്മേളനം നടത്തിയപ്പോൾ അതിനകത്ത് അച്ചടക്കലംഘനമുണ്ടോയെന്ന് പരിശോധിക്കുകയാണ് ഇന്ന് ഞങ്ങൾ. സരിൻ പോയാലും പാലക്കാടെ റിസൽട്ടിനെ ഒന്നും ബാധിക്കില്ല. കെ സുധാകരൻ പോയാലും ബാധിക്കില്ല. താനാണ് സർവവും എന്ന് കരുതിപ്പോയാൽ അത് അപകടമാണ്. രാഹുൽ കോൺഗ്രസിന്റെ നോമിനായാണ്.
ജനാധിപത്യപാർട്ടിയാണ് കോൺഗ്രസ്. അവിടെ അഭിപ്രായം പറയാൻ ആർക്കും വിലങ്ങിട്ടില്ല. സിപിഎമ്മിനെയും ബിജെപിയെയും പോലെയല്ല കോൺഗ്രസ് പാർട്ടി. ഒരു തെരഞ്ഞെടുപ്പിൽ എല്ലാവരെയും സ്ഥാനാർഥികളാക്കാൻ പറ്റുമോ?. രാഹുലിനെ വച്ചത് അതിന്റെ പ്രത്യേകത കൊണ്ടാണ്. സരിന്റെ യോഗ്യത കൊണ്ടുതന്നെയാണ് കഴിഞ്ഞവർഷം സീറ്റ് നൽകിയത്’- സുധാകരൻ പറഞ്ഞു.