ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍

പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്ത് കോൺഗ്രസിന്റെ ഡസൻ കണക്കിന് നേതാക്കന്മാർ ഇപ്പോൾ ബിജെപിയിൽ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിമാർ, പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, അഖിലേന്ത്യാ നേതാക്കന്മാർ ഉൾപ്പെടെ ബിജെപിയിൽ ചേരുകയാണ്.

കേരളത്തിൽ രണ്ടക്ക നമ്പർ ഞങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറയുന്നത്. ഈ ജയിച്ചു വരുന്നവരിൽ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കുമെന്ന നില വരുമെന്നതാകും അവർ പ്രതീക്ഷിക്കുന്നത്. ആരെങ്കിലും പോകുന്നോ ഇല്ലയോ എന്നുള്ളതല്ല, കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. ബിജെപിയിലേക്ക് ചേക്കേറാൻ ഏത് കോൺഗ്രസ് നേതാവിനും കേരളത്തിൽ പ്രയാസമില്ല എന്ന നില വന്നാൽ ആളുകൾ എങ്ങനെയാണ് ഇവരെ വിശ്വസിച്ച് വോട്ടു ചെയ്ത് വിജയിപ്പിക്കുകയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.

എകെ ആന്റണിയുടെ മകൻ പോയി. കെ കരുണാകരന്റെ മകൾ പോകുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. ആരൊക്കെ പോകുമെന്ന് ഇനി കണ്ടറിയാം. വടകരയിൽ ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *