ആരാധകരുടെ ആവേശം അതിര് വിട്ടു; കേരളത്തിലെത്തിയ തമിഴ് നടൻ വിജയ് സഞ്ചരിച്ച കാർ തകർന്നു

സിനിമാ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍താരം വിജയിന്‍റെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ വിജയ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര ടെർമിനലിലെത്തിയ വിജയിയെ കാത്ത് ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്‍റെ കാറിന്‍റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ആരാധകരുടെ ഒഴുക്ക് മൂലം വിമാനത്താവളത്തിന് പുറത്ത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിജയ് സഞ്ചരിച്ച ഇന്നോവക്ക് ചുറ്റുമായി ഒരു വലിയ ജനക്കൂട്ടം തന്നെ ഇരമ്പിയാര്‍ക്കുന്നതും കാണാം. പൊലീസ് ആളുകളെ അടിച്ചോടിക്കുന്നുമുണ്ട്. കാറിനുള്ളിൽ നിന്ന് ആരാധകരെ ക്ഷമയോടെ കൈവീശി ആൾക്കൂട്ടത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച വിജയ്‌യെ ഒരു നോക്കുകാണുവാൻ വേണ്ടി ആരാധകർ അദ്ദേഹത്തിന്റെ കാറിനെ വളയുകയായിരുന്നു. ആരാധകരെ ശാന്തരാക്കുന്നതിനായി അദ്ദേഹം കാറിന്റെ സൺറൂഫിൽ നിന്ന് കുറച്ചു നേരം കൈവീശി കാണിക്കുകയും ചെയ്തു. ആരാധകരുടെ തള്ളിക്കയറ്റത്തില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ന്ന് സീറ്റിലും താഴെയുമായി വീണുകിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെ സീറ്റിനടുത്തും ചില്ല് കഷ്ണങ്ങള്‍ കാണാം.

14 വര്‍ഷത്തിന് ശേഷമാണ് വിജയ് കേരളത്തിലെത്തുന്നത്. നേരത്തെ കാവലന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായിട്ടാണ് കേരളത്തിലെത്തിയത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിന്‍റെ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവുമാണ് ‘ദി ഗോട്ടി’ന്‍റെ പ്രധാന ലൊക്കേഷനുകൾ. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്.ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്.

മങ്കാത്ത, മാസ്, മാനാട് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ വെങ്കട് പ്രഭുവും വിജയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരിയാണ് നായിക. ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്നേഹ,ലൈല, പാര്‍വതി നായര്‍, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *