ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം പാർലമെൻറിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റെയിൽവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ലെന്നും എ എ റഹിം വിശദീകരിച്ചു. റെയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച്  എ എ റഹിം പറഞ്ഞു.

ജോയിയുടെ കുടുംബത്തിന് നേരത്തെ പത്ത് ലക്ഷം രൂപ ധനസഹായം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്  ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ, കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ രണ്ട് ദിവസം മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങിതപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  

Leave a Reply

Your email address will not be published. Required fields are marked *