‘ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം’; പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്ന് തോമസ് ഐസക്

പാര്‍ട്ടി ജനങ്ങളുടേതാണ് എന്ന ബോധ്യം വേണമെന്നും തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക്. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

‘കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അനുഭാവികളില്‍ ഒരു വിഭാഗം എതിരായിട്ട് വോട്ട് ചെയ്തല്ലോ. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു. അത് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. അത് മനസിലാകണമെങ്കില്‍ ഇങ്ങനെയുള്ള സംവാദങ്ങള്‍ ഉണ്ടാകണം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിശക്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശൈലി തൃപ്തികരമാണോ? അഴിമതി സംബന്ധിച്ചുള്ള ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ? സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അനിഷ്ടമാണോ ? തങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഉണ്ടായ ദേഷ്യം. അതിന്റേതാണോ ?’ – ഐസക് പ്രതികരിച്ചു.

ഒരു പക്ഷവും ഇല്ലാത്ത ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് യുവജനങ്ങള്‍. അവരെയൊക്കെ അകറ്റുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും ശൈലികളും വെല്ലുവിളികളുമെല്ലാം എന്ത് ലക്ഷ്യത്തിലാണോ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത് അതിലേക്കെത്തുന്നില്ല. വിപരീതഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *