ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോ​ഗ്യ മന്ത്രിയുടെ നിർദ്ദേശം

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോ​ഗ്യ മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോ​ഗ്യ മന്ത്രിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.

കണ്ണൂർ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുൾപ്പെടെ വൈകിയെന്ന് ബന്ധുക്കൾ പറയുന്നു.

പിന്നീട് പരിയാരം മെഡിക്കൽകോളേജിൽ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ മതിയായ ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരിക്കുകയായിരുന്നു. എന്നാൽ ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *