‘ആക്രി’ക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും; 6.31 ലക്ഷം പിൻവലിച്ച കേസിൽ പ്രതി പിടിയിൽ

പാഴ്വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു നഷ്ടമായത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ (43) ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ പാഴ്വസ്തുക്കൾ വിറ്റു. ഇതിനൊപ്പം എ.ടി.എം. കാർഡുപെട്ടത് അറിഞ്ഞില്ല. കാർഡുകിട്ടിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ 6.31 ലക്ഷം രൂപ 15 ദിവസങ്ങളിലായി പിൻവലിച്ചു. കാർഡിൽ പിൻനമ്പർ എഴുതിയിരുന്നു. 25 വർഷമായി വിദേശത്തു ജോലിചെയ്യുന്ന ഷാജിക്ക് എസ്.ബി.ഐ. ചെങ്ങന്നൂർ ശാഖയിൽനിന്നു 2018-ലാണ് പുതിയ കാർഡുലഭിച്ചത്. കുറച്ചുദിവസങ്ങൾക്കകം അബുദാബിയിലെ ജോലിസ്ഥലത്തേക്കു മടങ്ങി. കാർഡ് വീട്ടിൽത്തന്നെവെച്ചു. തിരിച്ചെത്തി പഴയ സാധനങ്ങൾ വിറ്റപ്പോഴാണ് കാർഡും അക്കൂട്ടത്തിൽ പോയത്.

വിദേശത്തെ മൊബൈൽ നമ്പരാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നത്. ഈ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഇതുമൂലം പണംപിൻവലിച്ച സന്ദേശങ്ങൾ അറിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബർ 25-നു ബാങ്കിലെത്തി പണം പിൻവലിക്കാൻ ചെക്കു നൽകിയപ്പോഴാണ് 6.31 ലക്ഷം രൂപ കാർഡുപയോഗിച്ചു പിൻവലിച്ചതായി അറിയുന്നത്. തുടർന്നു പോലീസിൽ പരാതി നൽകി.

2022 ഒക്ടോബർ 7നും 22 നും ഇടയിൽ 61 തവണയായി ഷാജിയുടെ അക്കൗണ്ടിലെ പണം പിൻവലിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂർ, കറ്റാനം, തമിഴ്‌നാട്ടിലെ മധുര, നാമക്കൽ, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പണം പിൻവലിച്ച എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എല്ലാ ദൃശ്യങ്ങളിലും ഒരു ലോറിയുണ്ടായിരുന്നു. ലോറി ഡ്രൈവർമാരെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. ഇതിലാണ് ബാലമുരുകൻ അറസ്റ്റിലായത്. തിരുവല്ലയിലെ ആക്രിക്കടയിൽ നിന്ന് ലോഡെടുക്കാനെത്തിയ ഇയാൾ എടിഎം കാർഡ് കണ്ട് ഇത് കൈക്കലാക്കുകയായിരുന്നു. പ്രതി മോഷ്ടിച്ച പണത്തിൽ ആറ് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *