ആകാശിനെ സിപിഎമ്മിനും സർക്കാരിനും ഭയം: കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് വിഡി സതീശൻ

കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം. ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ പറയുന്നു. ഷുഹൈബിൻറെ കൊലപാതകം ഓർമിപ്പിച്ച് ആകാശ് തില്ലങ്കേരി പാർട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്. 

ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചുപറയുക എന്ന ഭയം നേതാക്കൾക്കുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറങ്ങി പോയതെന്ന് വി.ഡി.സതീശൻ പറഞ്ഞു.

സിപിഎമ്മിന്റെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. ലോകത്തെ വലിയ തീവ്രവാദ സംഘടനകൾക്കു പോലും ചെയ്യാനാകാത്തത്ര ആസൂത്രണത്തോടെ കൊലപാതകം നടത്താൻ സിപിഎമ്മിനേ കഴിയൂ. പ്രതികളെ പാർട്ടി ഗ്രാമങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്. സിപിഎമ്മിന് ജീർണത സംഭവിച്ചുകഴിഞ്ഞു. എം.വി.ഗോവിന്ദൻറെ ജാഥ കൊണ്ട് സിപിഎമ്മിൻറെ കൊലപാതകക്കറ മായ്ക്കാനാകില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *