ആംബുലൻസിൽ യുവതികളെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

ആംബുലൻസിൽ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി കദളിക്കുന്നേൽ ലിസണെയാണ് (കുട്ടപ്പൻ– 40) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനശ്രമം, തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 354, 294–ബി, 341, എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റെന്നു ഇടുക്കി എസ്എച്ച്ഒ ബി.ജയൻ പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.

ചെറുതോണിയിലെ സ്വകാര്യ ലാബിലെ ആംബുലൻസ് ഡ്രൈവറാണ് അറസ്റ്റിലായ കദളിക്കുന്നേൽ ലിസൺ. ഇതേ ലാബിലെ ജീവനക്കാരാണു പരാതിക്കാരായ യുവതികളും. ലാബ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷം ലിസണോടൊപ്പം ആംബുലൻസിൽ യുവതികളെ വീടുകളിലേക്കു ലാബ് അധികൃതർ പറഞ്ഞുവിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചിരുന്ന ലിസൺ 5 കിലോമീറ്റർ അകലെ തടിയമ്പാടിനു സമീപം എത്തിയപ്പോൾ പിന്നിൽ ഇരുന്ന യുവതിയെ വാഹനം ഓടിക്കുന്നതിനിടയിൽ പിറകിലൂടെ കയ്യിട്ട് ഉപദ്രവിക്കാൻ ശ്രമിച്ചു.

ഇതോടെ ബഹളം വച്ച യുവതി വാഹനം നിർത്തിച്ച് അതിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ എത്തിയ ലിസൺ യുവതിയെ അനുനയിപ്പിച്ച് തിരികെ വാഹനത്തിലെത്തിച്ചു യാത്ര തുടർന്നു. പിന്നീട് കരിമ്പനു സമീപം ആളൊഴിഞ്ഞ വനപ്രദേശത്തു വാഹനം നിർത്തി ഇയാൾ പിന്നിൽ കയറി യുവതികളെ ആക്രമിക്കാൻ ശ്രമിച്ചു. യുവതികൾ ബഹളം കൂട്ടിയതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ വീണ്ടും വാഹനം മുന്നോട്ടു കൊണ്ടുപോയി. 

ചുരുളിയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ യുവതികൾ വഴിയരികിൽ കാത്തുനിന്നിരുന്ന ഇവരിൽ ഒരാളുടെ പിതാവിനോടു കാര്യങ്ങൾ പറഞ്ഞു. ഈ സമയം അവശനിലയിലായിരുന്ന യുവതികളെ പിതാവും നാട്ടുകാരും ചേർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴിയെടുത്തു. തുടർന്നു പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്ഐ മുഹമ്മദാലി മൊയ്തീൻ, എസ്‌സിപിഒമാരായ എൽ.എ.നജീബ്, ജീൻ, സ്റ്റാൻലി എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *