അരുണാചൽ പ്രദേശിൽ വച്ച് മരിച്ച മൂന്ന് മലയാളികളുടേയും മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് നടക്കും

അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദേവിയുടെ മൃതദേഹം തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട്ടിലെ വീട്ടിലും ആര്യയുടെ മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലേക്കും കൊണ്ടുവന്നു. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.ദേവിയുടെയും ആര്യയുടെയും സംസ്കാരം ശാന്തി കവാടത്തില്‍ നടക്കും.

അതേസമയം, സംഭവത്തില്‍ ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത സിറോ എന്ന സ്ഥലത്തിന് സമീപം ബ്ലാക്ക് മാജിക് കൺവെൻഷനുകൾ നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മരിച്ച മൂന്ന് പേരുടെയും ഇ-മെയിൽ ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയതായി തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് വ്യക്തമാക്കി.

അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സിറോ താഴ്വര. ആത്മഹത്യ ചെയ്യാൻ എന്തുകൊണ്ട് സിറോ തെരഞ്ഞെടുത്തെന്ന ചോദ്യത്തിനുത്തരമാണ് പൊലീസ് അന്വേഷിക്കുന്നത്. സിറോയ്ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ഘടകങ്ങളുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇതിനായി ലോവർ സുബാൻസിരി എസ്.പി കെനി ബഗ്രയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ അരുണാചലിൽ രൂപീകരിച്ചിട്ടുണ്ട്.

ഇതിനിടെ നവീൻ, ദേവി, ആര്യ എന്നിവർ മരിച്ചുകിടന്ന മുറിയിൽ നിന്നും പ്ലേറ്റിൽ മുടി കണ്ടെത്തി. ഇതിന് ബ്ലാക്ക് മാജിക്കുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും വിശ്വാസത്തിന്റെയോ മൂവരും വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ മരണത്തിന് പിന്നിൽ ഉണ്ടായേക്കാമെന്ന് തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *