അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൂടാതെ ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കുകയും വേണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം ഉന്നയിക്കുകയും ചെയ്തു. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നതെന്നും ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

ഇടുക്കിക്ക് പുറമേ വായനാട്ടിലും പാലക്കാടും ദൗത്യസംഘം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പഠിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. ഡിഎഫ്ഒയും റവന്യു ഡിവിഷനൽ ഓഫിസറും ദൗത്യസംഘത്തിൽ ഉണ്ടാകണം. ദൗത്യസംഘം പഠിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു. കേസ് വീണ്ടും മെയ്3 ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇന്നു ഹർജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *