ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ആനപ്പുറത്തുണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം വൈശാഖ് (25), എരിക്കിൻചിറ ജിത്തു (22) എന്നിവർക്കും ആനപ്പാപ്പാനും വണ്ടാഴി സ്വദേശിനി തങ്കമണിക്കുമാണ് (67) പരിക്കേറ്റത്. തങ്കമണിയെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും മറ്റുള്ളവരെ നെന്മാറ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ എഴുന്നള്ളത്ത് വണ്ടാഴി മോസ്കോമൊക്കിന് സമീപമെത്തിയപ്പോൾ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആന ഇടയുകയായിരുന്നു. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞുതാഴെയിട്ട് വിരണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ, നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയും വിരണ്ടു. ഇതോടെ, ആളുകൾ പരിഭ്രാന്തിയിൽ ചിതറിയോടുകയായിരുന്നു.
ഓടുന്നതിനിടയിലും തിക്കിലും തിരക്കിലും വീണ് നിരവധിപേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. പാതയരികിൽ നിർത്തിയിട്ടിരുന്ന രണ്ടുബൈക്കുകളും വണ്ടാഴിയിലെ തയ്യൽക്കടയും തകർത്തു. ഒരുമണിക്കൂറിനുശേഷം രണ്ടാനകളെയും പാപ്പാന്മാരുടെ നേതൃത്വത്തിൽ തളച്ചു. മംഗലംഡാം പോലീസ് സ്ഥലത്തെത്തി.