‘അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല’, ഡിജിപിക്ക് പരാതി നൽകി സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എ​ഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട്, ‘യഥാർഥ രാമൻ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമൻ’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. വി.ഡി സതീശന്റെ ചിത്രം വച്ചായിരുന്നു വ്യാജ പ്രചരണം. ഇത് വിവിധ സംഘ്പരിവാർ അനുകൂല പേജുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

താൻ പറയാത്ത തികച്ചും വസ്തുതാവിരുദ്ധമായ ഈ പോസ്റ്റിലെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതസ്പർധ വളർത്താനും ഉദ്ദേശിച്ചാണെന്ന് വി.ഡി സതീശൻ പരാതിയിൽ പറയുന്നു.

അതിനാൽ സമൂഹത്തിൽ മതസ്പർധ വളർത്തുന്ന ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചവർക്കെതിരെ അന്വേഷണം നടത്തി ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ഡി.ജി.പി ഷേയ്ഖ് ദർവേഷ് സാഹിബിന് നൽകിയ പരാതിയിൽ വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *