നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു. താരസംഘടനയായ അമ്മ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.
ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകിയത്.
ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ അറിയിച്ചിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
അതേസമയം, അമ്മയിൽ പുതിയ അംഗത്വത്തിനായി 25-ഓളം പേർ അപേക്ഷ സമർപ്പിച്ചുവെന്ന് വിവരങ്ങൾ. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പടെ ഏഴ് പേർക്ക് പുതിയതായി അംഗത്വം നൽകി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.