അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നത്.
വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സ്വിമ്മിങ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിങ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.