‘അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കി’; കോട്ടയത്തെ ജഡ്ജിയെ അഭിഭാഷകർ അസഭ്യം പറഞ്ഞതിൽ കേസെടുത്ത് ഹൈക്കോടതി

കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള അഭിഭാഷക‍ര്‍ക്ക് എതിരെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ നടപടി തുടങ്ങിയത്. ജഡ്‌ജിക്കെതിരായ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്‌ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ കോട്ടയം ബാറിലെ അഭിഭാഷകനായ എ പി നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് കോട്ടയം സിജെഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തു.ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. നേരെത്തെ ബാര്‍ കൗണ്‍സിലും സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *