‘അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണം’; വി എം സുധീരന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടമാക്കി പ്രതിപക്ഷ വി.ഡി സതീശൻ

കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള വി.എം സുധീരന്റെ പരസ്യ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും സുധീരന്റെ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് സതീശൻ പ്രതികരിച്ചു.

“പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പാർക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളൊക്കെ പാർട്ടിക്കുള്ളിൽ തന്നെ പറയണം. അത് പരസ്യമാക്കിയാൽ പ്രവർത്തകർക്ക് അത് വേദനയുണ്ടാക്കും”. വി.ഡി സതീശൻ പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പുകളി അതിരുവിടുന്നുവെന്നും രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 5 ഗ്രൂപ്പ് എന്നതാണ് സ്ഥിതി എന്നുമായിരുന്നു സുധീരന്റെ വിമർശനം.പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ട് പോകുന്നതിന് നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സുധീരൻ വിമർശിച്ചിരുന്നു. ഇതിലാണ് സതീശൻ അതൃപ്തി അറിയിച്ചിരിക്കുന്നത്. സുധീരന്റെ പരാമർശത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സുധീരൻ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *