അനിൽ ആന്റണിയിൽനിന്നും പണം തിരികെ വാങ്ങിത്തരാൻ നന്ദകുമാർ സമീപിച്ചിരുന്നു; വെളിപ്പെടുത്തി പി ജെ കുര്യൻ

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിൻറെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ. അനിൽ ആന്റണിയിൽനിന്നും പണം തിരികെ വാങ്ങിത്തരാൻ ദല്ലാൾ നന്ദകുമാർ സമീപിച്ചെന്നും തുടർന്ന് താൻ പ്രശ്നത്തിൽ ഇടപെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അനിൽ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായം ചെയ്യണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനിൽ തന്നില്ലെന്നും അതിനാൽ പൈസ തരാൻ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം’ – പി.ജെ കുര്യൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

‘അതേസമയം, പണം കൊടുക്കണമെന്ന് എ.കെ. ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ താൻ പറഞ്ഞതെന്ന് ഓർക്കുന്നില്ല. രണ്ടിൽ ഒരാളോടാണ് കാര്യങ്ങൾ പറഞ്ഞത്. സി.ബി.ഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല. കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. എകെ ആന്റണിക്ക് ഇക്കാര്യകത്തിൽ യാതൊരു പങ്കുമില്ല, അക്കാര്യത്തിൽ ഉറപ്പുണ്ട്’- കുര്യൻ വ്യക്തമാക്കി.

സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുറിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *