അനാരോഗ്യം; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായി വിവരം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, സിതാറാം യെച്ചുരി, എം.എ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. അവധി പോരെ എന്ന് കോടിയേരിയോട് നേതാക്കൾ ചോദിച്ചു എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം തുടരാൻ സാധിക്കുകയില്ല എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

കോടിയേരിയുടെ എകെജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യമന്ത്രിയടക്കം എത്തിയതെന്നാണ് വിവരം. യോഗത്തിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല. അതേസമയം കോടിയേരി ചികിത്സയ്ക്ക് നാളെ ചെന്നൈയ്ക്ക് പോകും.

ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന കോടിയേരി ബാലകൃഷ്ണന് പകരമായി സംഘടനാ ക്രമീകരണങ്ങൾ പാർട്ടി ആലോചിക്കും. കോടിയേരിക്ക് പകരം ആരെ എന്ന ചോദ്യമാണ് ഇപ്പോൾ പാർട്ടിയിൽ ഉയരുന്നത്. എം.പി ഗോവിന്ദൻ ഇ.പി ജയരാജൻ, എ. വിജയരാഘവൻ എന്നിവരാണ് പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *