അതിവേഗം നിർമാണം നടക്കുന്നതിനിടെ കുഴികൾ മൂടി; ജോലിതീരാൻ വൈകും; ബിജെപി നടത്തുന്നത് സമരാഭാസമെന്ന് മേയർ

തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായെടുത്ത കുഴി ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മൂടിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. ബിജെപി നടത്തുന്നത് സമരാഭാസമാണെന്നെന്നും അത് അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് കുഴിമൂടിയ സംഭവമെന്നും മേയർ വിമർശിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകുമെന്നും മേയർ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഈ ചിത്രത്തിൽ കാണുന്നത്. സ്മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗൺസിലർമാരായ ബിജെപി നേതാക്കൾ.

ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ അതിവേഗം നിർമാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗൺസിലർമാർ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയത്. പൊതുമുതലാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്. ബിജെപി കൗൺസിലർമാർ നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും.

ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത്?

ആരാണ് നാടിന്റെ വികസനം മുടക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *