പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. പെൺകുട്ടിയുടെ അയൽവാസിയായ 16കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ചയാണ് പ്രതികളെ പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരനാണ് പിടിച്ചുനിര്‍ത്തിയത്.
പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.