അച്ചു ഉമ്മൻ മിടുക്കി, ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് യോജിപ്പ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചു ഉമ്മൻ പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് പാർട്ടിയിൽ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്ഥാനാർഥി നിർണയത്തെക്കുറിച്ച് എനിക്ക് പറയാൻ പറ്റുമോ? പാർട്ടി നേതൃത്വം ആലോചിച്ചല്ല അതേക്കുറിച്ച് തീരുമാനിക്കുക. പക്ഷേ അച്ചു ഉമ്മൻ ഒരു വ്യക്തി എന്ന നിലയിൽ മിടുമിടുക്കിയാണ്. ഞങ്ങൾക്കെല്ലാം പരിപൂർണ സമ്മതമുള്ള ഞങ്ങളുടെ കൊച്ച്. അതുകൊണ്ട് ഞങ്ങൾക്ക് അതിൽ പൂർണ യോജിപ്പാണ്. പക്ഷേ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് വേറേയാണ്. അത് അതിന്റെതായ നടപടികളിലൂടെയേ വരു. അതെല്ലാം അവിടെ തീരുമാനിക്കട്ടെ’ – തിരുവഞ്ചൂർ പറഞ്ഞു.

താൻ പ്രതിപക്ഷ നേതാവ് ആകാൻ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തി പൊക്കുന്നില്ലെന്നും അത് പഴയ കഥയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങൾ എടുക്കുന്നതാണ് കോൺഗ്രസ്സ് രീതി. സീനിയോരിറ്റി നോക്കിയാൽ പ്രതിപക്ഷ നേതാവാകാൻ പലരുമുണ്ട്. വിഡി സതീശാന്റേത് മികച്ച പ്രവർത്തനമാണെന്നും അദ്ദേഹം കൃത്യമായി കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നും പ്രതികരിക്കുന്നുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *