ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് നിര്‍ദേശവുമായി ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിനെയും അതിന്‍റെ നേതൃത്വത്തെയും തകര്‍ക്കാനുള്ള തങ്ങളുടെ ദൗത്യവുമായി ഉടൻ തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേല്‍. ഹമാസ് നേതാക്കളെ എവിടെയായിരുന്നാലും ലക്ഷ്യമിടാന്‍ ചാര സംഘടനയായ മൊസാദിന് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെൽ അവീവിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയേയും ഖാലിദ് മഷാലും യുദ്ധത്തില്‍ സന്തോഷഭരിതരാണെന്നും സംഘര്‍ഷം അവസാനിച്ചതിനു ശേഷം ഗസ്സയിലെ ഭരണം തുടരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നുമുള്ള കാന്‍ ന്യൂസ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് നേതാക്കളെല്ലാം മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. ”അവര്‍ കടം വാങ്ങിയ സമയം കൊണ്ടാണ് ജീവിക്കുന്നത്. പോരാട്ടം ലോകവ്യാപകമാണ്. വയലിലെ തോക്കുധാരികൾ മുതൽ ആഡംബര വിമാനങ്ങൾ ആസ്വദിക്കുന്നവർ വരെ, അവരുടെ ദൂതന്മാർ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി പ്രവർത്തിക്കുന്നു – അവർ മരിക്കാൻ വിധിക്കപ്പെട്ടവരാണ്.” ഗാലന്‍റ് ഹമാസ് പോരാളികളെക്കുറിച്ച് പറഞ്ഞു. ബന്ദികളെ തിരിച്ചയക്കുന്നതിനെ ‘വിശുദ്ധ ദൗത്യം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

അതേസമയം ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വൈകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.ബന്ദികളുടെ കൈമാറ്റം വെള്ളിയാഴ്ചയോടെ ഉണ്ടാകുമെന്ന് ഇസ്രായേല്‍ അറിയിച്ചു. അതേസമയം ഗസ്സയിലുടനീളം കനത്ത വ്യോമാക്രമണം തുടരുകയാണ് ഇസ്രായേല്‍. അൽ നുസൈറാത്ത്, ദൈറൽ ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവടങ്ങളിലാണ് വ്യാപക ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *