റിയാദ് : ഹജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് പാസ്പോർട്ട് വിഭാഗം പെർമിറ്റുകൾ നൽകിത്തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷർ’, മുഖീം പോർട്ടൽ എന്നിവ വഴി ഹജ് സീസണിൽ ജോലി ചെയ്യുന്നവർക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ഓൺലൈനിലൂടെ സ്വീകരിക്കാൻ തുടങ്ങിയതായി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
പാസ്പോർട്ട് വകുപ്പ് ആസ്ഥാനം സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷർ’, മുഖീം പോർട്ടൽ എന്നിവ വഴി പെർമിറ്റുകൾ നൽകുമെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ഹജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘തസ്രീഹ് പ്ലാറ്റ്ഫോമുമായി’ സാങ്കേതിക സംയോജനത്തിലൂടെയാണ് ഇത് ചെയ്യുന്നത്.
ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം റെസിഡൻസി ഉടമകൾ, നിക്ഷേപകർ, സൗദി സ്വദേശികളുടെ അമ്മമാർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് പെർമിറ്റുകൾ ലഭിക്കാൻ അബ്ഷർ പ്ലാറ്റ്ഫോം ഉപയോഗപ്പടുത്താവുന്നതാണ്. മുഖീം പോർട്ടൽ വഴി, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും, സീസണൽ വർക്ക് വീസ കൈവശമുള്ളവർക്കും, ഹജ് സീസണിൽ ഈ സ്ഥാപനങ്ങളുമായി തൊഴിൽ കരാറുള്ളവർക്കും മക്കയിലേക്ക് പ്രവേശന അനുമതി നൽകുന്നു.