ശരിയായി പാകം ചെയ്യാതെ തിലാപ്പിയ കഴിച്ചു; യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റി

ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തിൽ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് ലോറ ബറാഗസ് എന്ന നാൽപതുകാരിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോർട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവിൽ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്.

വീടിനു സമീപമുള്ള സാനോസെയിലെ പ്രാദേശിക മാർക്കറ്റിൽനിന്നു വാങ്ങിയ മീൻ കഴിച്ചതു മുതൽ ലോറയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാൻ തുടങ്ങി. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. വൈകാതെ തന്നെ ലോറ കോമയിലെത്തി. അവരുടെ വിരലുകളും കാൽപാദങ്ങളും കീഴ്ചുണ്ടും കറുത്തനിറമാകുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള അവസാനശ്രമമെന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകൾ മുറിച്ചുമാറ്റിയതെന്നു ഡോക്ടർമാർ പറഞ്ഞു.

കടൽവിഭവങ്ങളിലും സമുദ്രജലത്തിലും കാണപ്പെടുന്ന വിബ്രിയോ വൽനിഫിക്കസ് എന്ന ബാക്ട്രീരിയയാണ് ലോറയുടെ ശരീരത്തിൽ പ്രവേശിച്ചതെന്നാണു വിവരം. ശരിയായ രീതിയിൽ ഭക്ഷണം പാകം ചെയ്യാത്തതാണു ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാൻ കാരണമെന്നും വിദഗ്ധർ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *