‘റഷ്യയെ രക്ഷിച്ചത് ഞാൻ; ഇനിയും ഒരുപാട് കുതിക്കാനുണ്ട്’: ഭരണനേട്ടങ്ങളിൽ അഭിമാനിക്കണമെന്ന്‌ പുട്ടിൻ

താനാണു റഷ്യയെ രക്ഷിച്ചതെന്ന‌ു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

‘‘പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂർത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാം. ഒരു പുതുവർഷത്തിന്റെ പടിവാതിൽക്കൽ, നമ്മൾ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മൾ മുന്നോട്ട് പോകും’’ – പുട്ടിൻ പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ റഷ്യ പരീക്ഷണങ്ങളെ തരണം ചെയ്യുകയും പ്രധാന ലക്ഷ്യങ്ങൾ നേടുകയും ഐക്യം ശക്തിപ്പെടുത്തുകയും ചെയ്തു. പൗരന്മാരുടെ ക്ഷേമത്തിനാണു മുൻതൂക്കം നൽകുന്നതെന്നും പുട്ടിൻ പറഞ്ഞു. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചോ യുക്രെയ്‌നിലെ യുദ്ധത്തെ കുറിച്ചോ പറഞ്ഞില്ല. 2025ൽ രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നാണു പ്രസംഗത്തിലുടനീളം പുട്ടിൻ സൂചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *