യുഎസ് ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫ് ആയി ഇന്ത്യൻ വംശജ; ശുപാര്‍ശ ചെയ്ത് ജോ ബൈഡൻ

യുഎസ് ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി ചീഫ് ആയി ഇന്ത്യൻ വംശജയായ നിഷ ദേശായി ബിസ്വാളിനെ നിര്‍ദ്ദേശിച്ച് അമേരിക്ക്ന‍ പ്രസിഡന്‍റ് ജോ ബൈഡൻ. യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കമ്മീഷനിലെ ഭരണപരമായ ഉന്നത  സ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജയെ ബൈഡന്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബറാക്ക് ഒബാമയുടെ  ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ച ബിസ്വാൾ, യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്ട്ര വികസന പരിപാടികളിലും ദീര്‍ഘനാളത്തെ പ്രവൃത്തി പരിചയമുള്ളയാളാണ്.

നിഷ ദേശായി ബിസ്വാള്‍ നിലവിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിലെ ഇന്റർനാഷണൽ സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളുടെ സീനിയർ വൈസ് പ്രസിഡന്‍റ് പദവിയിലാണ്. കൂടാതെ യുഎസ്- ഇന്ത്യ ബിസിനസ് കൗൺസിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗൺസിലിന്റെയും മേൽനോട്ടവും വഹിക്കുന്നുണ്ട്. 2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിച്ച ബിസ്വാള്‍ യുഎസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടു.

 യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്‍റിൽ (യുഎസ്എഐഡി) ഏഷ്യയുടെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായും  ബിസ്വാൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള യുഎസ്എഐഡി പ്രോഗ്രാമുകള്‍ക്ക് മേല്‍ നോട്ടം നല്‍കിയിട്ടുണ്ട്. ദില്ലിയിലും നിഷ ഏറേ നാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ്കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും,  ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിയിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  വിർജീനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ബിസ്വാൾ  ഇന്റർനാഷണൽ റിലേഷൻസ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *