യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത

യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡൻ നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ വ്യക്തമാക്കി.

”38 വർഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപ്പറേഷനുകളുടെ ചുമതല അവരെ ഏൽപ്പിക്കുകയാണ്.”– ലിസയുടെ നിയമനത്തെക്കുറിച്ച് ബൈഡൻ പ്രതികരിച്ചു. കരിയറിലുടനീളം ഫ്രാങ്കെറ്റി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

”യുഎസ് നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി. നാവിക ഓപ്പറേഷൻസ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസ.”– ജോ ബൈഡൻ പറഞ്ഞു.

ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് സേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

നിലവിൽ യുഎസ് നാവികസേനയുടെ വൈസ് ചീഫായി സേവനമനുഷ്ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി. 1985ലാണ് ലിസ സേനയിൽ എത്തുന്നത്. കൊറിയയിലെ യുസ് നാവിക ഓപ്പറേഷനുകളുടെ കമാൻഡറായി സേവനം ചെയ്തു. യുസ് നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറിൽ വൈസ് സിഎൻഒ ആയി.

Leave a Reply

Your email address will not be published. Required fields are marked *