Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
മൊറോക്കോ ഭൂകമ്പത്തിൽ മരണം 2000 കടന്നു - Radio Keralam 1476 AM News

മൊറോക്കോ ഭൂകമ്പത്തിൽ മരണം 2000 കടന്നു

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തിൽ മരണസംഖ്യ 2000 കടന്നു. 1400 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതർക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമൻ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറൻ പൗരാണിക നഗരമായ മാരിക്കേഷിൽനിന്ന് 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളും തകർന്നതിനാൽ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടു. അൽ ഹൗസ്, ഔറസാസത്, അസിലാൽ, ചികാവു തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. തലസ്ഥാനമായ റബാത്ത് അടക്കമുള്ള നഗരങ്ങളിൽ ആളുകൾ ഭയചകിതരായി പുറത്തിറങ്ങി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്പെയിനിന്റെ തെക്കൻ മേഖല വരെ എത്തി.

മൊറോക്കോയിലെ നിരവധി പൗരാണിക സ്മാരകങ്ങളും ഭൂകമ്പത്തിൽ നിലംപൊത്തി. മൊറോക്കോയിലെ അഗാദിറിൽ 1960 ലുണ്ടായ ഭൂകമ്പത്തിൽ 12,000 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയിൽ 50,000 പേർ ഭൂകമ്പത്തിൽ മരിച്ചു. തുടർ ചലനങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കെട്ടിടങ്ങൾക്ക് പുറത്താണ് കഴിയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *