ടെസ്ല ഉടമയും കോടീശ്വരനുമായി ഇലോൺ മസ്കിനുള്ള പിന്തുണ ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് ഇങ്ങനെ പറഞ്ഞു, “രാജ്യത്തെ സഹായിക്കാൻ മസ്‌ക് സ്വയം മുന്നോട്ട് വരികയാണ്, പക്ഷേ ചില ഇടതു ഭ്രാന്തന്മാർ അദ്ദേഹത്തെ എതിർക്കുന്നു” ഈ പോസ്റ്റിലൂടെ ട്രംപ് എലോൺ മസ്കിനെ പ്രശംസിക്കുകയും തീവ്ര ഇടതുപക്ഷ പാർട്ടികളെ വിമർശിക്കുകയും ചെയ്തു. മാത്രമല്ല എലോൺ മസ്‍കിനോടുള്ള ഐക്യദാർഡ്യത്തിന്‍റെ ഭാഗമായി താൻ അടുത്തദിനസം തന്നെ പുതിയ ടെസ്‌ല ഇലക്ട്രിക് കാർ വാങ്ങുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
എലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) കീഴിൽ മസ്‌ക് സ്വീകരിച്ച നടപടികളിൽ ജനരോഷം വർദ്ധിച്ചുവരുന്ന സമയത്താണ് ട്രംപിന്റെ പ്രസ്‍താവന വരുന്നത്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) നിരവധി ഫെഡറൽ ഏജൻസികളിൽ പിരിച്ചുവിടലുകൾ നടത്തുകയും ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം ചില ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയും ടെസ്‌ലയെ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം നടത്തുകയും ചെയ്യുന്നു. മസ്‌കിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലും സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തത്തിലും ചില വിമർശകർ ആശങ്കകൾ ഉന്നയിക്കുന്നതിനാൽ, ടെസ്‌ല അമേരിക്കയിൽ സൂക്ഷ്മപരിശോധനയും പ്രതിഷേധവും നേരിടുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഇലക്ട്രിക് കാർ കമ്പനിയുടെ ഓഹരികളിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. മാർച്ച് 9 ന്, ടെസ്‌ലയുടെ ഓഹരി വില 15 ശതമാനം ഇടിഞ്ഞു. 2020 സെപ്റ്റംബറിന് ശേഷമുള്ള ഒറ്റ ദിവസത്തെ ഇടിവ്.
ഇതിനുപിന്നാലെയാണ് എലോൺ മസ്‍കിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയത്. ഈ സാഹചര്യത്തെ താൻ നേരിട്ട നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികളുമായി ഡൊണാൾഡ് ട്രംപ് താരതമ്യം ചെയ്തു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അവർ എന്നോടും ഇതുതന്നെ ചെയ്യാൻ ശ്രമിച്ചു എന്ന് ട്രംപ് പറഞ്ഞു. “എലോൺ മസ്കിനോടുള്ള എന്റെ വിശ്വാസവും പിന്തുണയും പ്രകടിപ്പിക്കാൻ ഞാൻ നാളെ രാവിലെ ഒരു പുതിയ ടെസ്‌ല വാങ്ങാൻ പോകുന്നു. അദ്ദേഹം ഒരു മികച്ച അമേരിക്കക്കാരനാണ്” ട്രംപ് എഴുതി.
എല്ലാ അമേരിക്കക്കാർക്കും വേണ്ടി രാജ്യത്തെ സഹായിക്കാൻ എലോൺ മസ്‌ക് സ്വയം മുന്നോട്ട് വരുന്നു. അദ്ദേഹം അതിശയകരമായ ഒരു ജോലി ചെയ്യുന്നുവെന്നും ട്രംപ് പറയുന്നു. എന്നാൽ പലപ്പോഴും ചെയ്യുന്നതുപോലെ, ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടെസ്‌ലയെ ബഹിഷ്‌കരിക്കാൻ തീവ്ര ഇടതുപക്ഷം ഒത്തുകൂടുന്നുവെന്നും എലോണിനെയും അദ്ദേഹം നിലകൊള്ളുന്ന എല്ലാത്തിനെയും ആക്രമിക്കാനും ഉപദ്രവിക്കാനുമാണ് ശ്രമമെമന്നും ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നു.