മഴവെള്ളം കുടിച്ചും മണ്ണിരയെ തിന്നും 31 ദിവസം ആമസോണ്‍ കൊടുങ്കാട്ടില്‍; യുവാവിന് അദ്ഭുതരക്ഷ

ജൊനാഥന്‍ അകോസ്റ്റ ഒടുവില്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. ഒരു മാസം ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിപ്പോയ ബൊളീവിയക്കാരനായ ജൊനാഥന്റെ അതിശയിപ്പിക്കുന്ന അനുഭവകഥ ബിബിസിയാണ് പുറത്തുവിട്ടത്. മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം മാത്രം കുടിച്ചുമാണ് കൊടുംകാടിനുള്ളിൽ ജൊനാഥൻ ജീവിതത്തെ തിരികെ പിടിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 25ന് സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടില്‍ നായാട്ടിനായി പോയതാണ് മുപ്പതുകാരനായ ജൊനാഥന്‍. കാടിനുള്ളിൽ വഴി തെറ്റുകയായിരുന്നു. ഉൾക്കാട്ടിൽ കുടുങ്ങിയെന്ന് ഉറപ്പിച്ചതോടെ കടുത്ത നിരാശ തോന്നിയെന്നും വന്യമൃഗങ്ങളോടുപോലും എതിരിടേണ്ടി വന്നുവെന്നും ജൊനാഥന്‍ പറയുന്നു. കാഴ്ചയില്‍ പപ്പായ പോലുള്ള കാട്ടുപഴങ്ങളും പ്രാണികളും മണ്ണിരയുമായിരുന്നു തന്റെ ആഹാരമെന്ന് ജൊനാഥന്‍ വെളിപ്പെടുത്തി.

ചില ദിവസങ്ങളിൽ മൂത്രം കുടിക്കേണ്ടി വന്നു. മഴ പെയ്യണേയെന്ന് പ്രാര്‍ഥിച്ചു. മഴവെള്ളം തന്റെ റബര്‍ ബൂട്ടില്‍ ശേഖരിച്ചത് കൊണ്ടാണ് ചില ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്നും ജൊനാഥന്‍ വിവരിച്ചു. പുറത്തേക്കുള്ള വഴി തേടി അലയുന്നതിനിടെ 300 മീറ്റര്‍ അകലെ കണ്ട ഒരു സംഘത്തെ ജൊനാഥൻ അലറിവിളിച്ച് സഹായം അപേക്ഷിക്കുകയായിരുന്നു.

31 ദിവസം നീണ്ട വനവാസത്തിനൊടുവില്‍ 17 കിലോ ശരീരഭാരം ജൊനാഥാന് നഷ്ടമായി. കാലിനു ചെറിയ പരുക്കേറ്റിട്ടുണ്ട്. നിര്‍ജലീകരണം സംഭവിച്ച് അവശനായ ജൊനാഥാനു പ്രാഥമിക ചികിത്സ  നല്‍കിയ സംഘം ഉടന്‍ തന്നെ ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. ജൊനാഥാന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *