മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ല; പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ല: സ്ത്രീകൾക്കായി വിചിത്ര നിയമം പുറത്തിറക്കി താലിബാൻ

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകൾക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തിൽ ഉച്ചത്തിൽ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്.

സ്ത്രീകളുടെ ശബ്ദം ‘അവ്‌റ’ (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അത് പൊതുയിടങ്ങളിൽ കേൾക്കാൻ പാടില്ല. സ്ത്രീകളാണെങ്കിൽ കൂടി മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നത്. മറ്റൊരാൾക്ക് കേൾക്കാവുന്ന വിധം ഖുറാൻ വായിക്കാൻ പാടില്ല. പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പുതിയ ഉത്തരവിൽ നിരവധി അഫ്‌ഗാൻ ആക്‌ടിവിസ്റ്റുകൾ പ്രതിഷേധം പ്രകടിപ്പിച്ചു. 2021ൽ അഫ്‌ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതിനുശേഷം സ്ത്രീകൾക്കുനേരെ വലിയ അടിച്ചമർത്തലുകളാണ് ഉണ്ടായത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്‌ക്ക് വിലക്കേർപ്പെടുത്തി.

അധികാരത്തിൽ തിരിച്ചെത്തി ഒരു മാസത്തിന് ശേഷം, പെൺകുട്ടികൾ സെക്കൻഡറി സ്‌കൂളിൽ ചേരുന്നത് വിലക്കി. പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികളെ പഠിപ്പിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. കോളേജുകളിൽ പെൺകുട്ടികൾ പഠിക്കുന്നത് നേരത്തെ താലിബാൻ വിലക്കിയിരുന്നു.

എൻജിഒകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. 2022 ഡിസംബറിൽ യൂണിവേഴ്സിറ്റി പ്രവേശനവും നിഷേധിച്ചു. പിന്നീട് തൊഴിൽ മേഖലയിൽ അവരുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തു. വിവാഹവും പെൺകുട്ടികളുടെ അനുമതിയില്ലാതെയാണ് അഫ്ഗാനിൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *