ബ്രിക്സിൽ പൂർണ അംഗത്വം വേണം; അപേക്ഷ നൽകി പാക്കിസ്ഥാൻ

ബ്രിക്‌സ് ഗ്രൂപ്പിൽ പൂർണ അംഗത്വത്തിനായി അപേക്ഷ നൽകി പാകിസ്ഥാൻ. 2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാൻ പാകിസ്ഥാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അംഗത്വം ലഭിക്കാനായി റഷ്യയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യയിലെ പാകിസ്ഥാന്റെ പുതിയ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു.

പാകിസ്ഥാന്റെ നീക്കത്തെ ചൈന പൂർണ പിന്തുണ നൽകുന്നുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന്റെ അപേക്ഷയെ ഇന്ത്യ എതിർക്കാനാണ് സാധ്യതയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ബ്രിക്സ് രാജ്യങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. പാക്കിസ്ഥാന്റെ അപേക്ഷക്ക് പിന്തുണ ലഭിക്കുന്നതിനായി റഷ്യ അംഗരാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണെന്ന് അംബാസഡർ പറഞ്ഞു. പാകിസ്ഥാന്റെ അപേക്ഷയെ ചൈന പൂർണമായി പിന്തുണക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രാഷ്ട്രീയ ചേരി സൃഷ്ടിക്കാൻ ചൈന ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് പാകിസ്ഥാന്റെ അം​ഗത്വ ശ്രമമെന്ന് അന്താരാഷ്ട്ര ന‌യതന്ത്ര വിദ​ഗ്ധർ സംശയം പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ അം​ഗത്വം നിലവിലെ സന്തുലിതാവസ്ഥയും ഐക്യവും ഇല്ലാതാക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 2006ലാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് രാജ്യങ്ങൾ ബ്രിക് രൂപീകരിച്ചത്. 2010ൽ ദക്ഷിണാഫ്രിക്കയും അം​ഗമായി. പാകിസ്ഥാൻ മാത്രമല്ല, നിരവധി രാജ്യങ്ങളും അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും സമയമാകുമ്പോൾ മാത്രമേ തീരുമാനമെടുക്കൂവെന്നും സൂചനയുണ്ട്.

ഈ വർഷം ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-മത് ബ്രിക്സ് ഉച്ചകോടിയിൽ, അർജന്റീന, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇറാൻ, എത്യോപ്യ എന്നിവ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *