ബയോപിക്കിൽ മുൻ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം ; നിയമ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഡോണൾഡ് ട്രംപിന്റെ ജീവിതം പറയുന്ന ദി അപ്രന്റീസ് എന്ന സിനിമ വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് കാനിൽ സിനിമ പ്രദർശിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാദവും ഉടലെടുത്തിരിക്കുന്നത്. ട്രംപ് മുൻ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നതായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം. സെബാസ്റ്റ്യൻ സ്റ്റാൻ ഡോണാൾഡ് ട്രംപായി വേഷമിട്ട ചിത്രം മുൻ യു.എസ് പ്രസിഡന്റിന്റെ വ്യക്തി ജീവിതമാണ് കാണിക്കുന്നത്. ഇറാനിയൻ – ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സിനിമക്കെതിരെ കേസ് നൽകുമെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം അറിയിച്ചു. 2024 ല്‍ നവംബര്‍ 5 ന് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് ട്രംപിന്റെ ടീം ആരോപിച്ചു. സിനിമ യു.എസിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ട്രംപിനെ അപമാനിക്കാൻ ലക്ഷ്യമിടുന്നതാണ് ചിത്രമെന്നും ഇത് ഒരിക്കലും പ്രദർശിപ്പിക്കരുതെന്നും ഡി.വി.ഡികളുടെ കൂട്ടത്തിൽ പോലും സിനിമക്ക് സ്ഥാനമുണ്ടാകാൻ പാടില്ലെന്നും ട്രംപിന്റെ പ്രചാരണവിഭാഗം വക്താവ് അറിയിച്ചു. തെറ്റായ ആരോപണങ്ങളാണ് സിനിമയിൽ ഉയർത്തിയിരിക്കുന്നത്. ഏറെക്കാലമായി പറയുന്ന നുണകൾ ഉപയോഗിച്ച് നിർമിച്ച കെട്ടുകഥ മാത്രമാണ് സിനിമയെന്നും ട്രംപിന്റെ ക്യാമ്പയിൻ വക്താവ് സ്റ്റീവൻ ചെയുങ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ യഥാർത്ഥ ജീവിതത്തില്‍ വിവാഹമോചന നടപടിക്കിടെ ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇവാന ആരോപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. 1990 ല്‍ ഇവർ വിവാഹമോചിതരായി. 2022 ല്‍ ഇവാന കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചു. വ്യവസായ രംഗത്തേക്കുള്ള ട്രംപിന്റെ ചുവടുവെപ്പും വളര്‍ച്ചയുമെല്ലാം സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

അതേസമയം, സിനിമ ഒരു പ്രാവശ്യം കാണാനുള്ള ക്ഷമ ട്രംപിന്റെ ടീം കാണിക്കണമെന്ന് സംവിധായകൻ അലി അബ്ബാസി അഭ്യർഥിച്ചു. ഈ സിനിമ ഒരിക്കലും അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരിക്കില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *