ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും

കലാപ കലുഷിതമായ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സർക്കാർ ചുമതലയേൽക്കുമെന്ന് സൈനിക മേധാവി ജനറൽ വഖർ ഉസ് സമാൻ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ നയിക്കാൻ സമ്മതിച്ച നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസിൽ നിന്ന് ധാക്കയിൽ മടങ്ങിയെത്തും.

ബംഗ്ലാദേശ് പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2.10 ന് പ്രൊഫസ‍ർ മുഹമ്മദ് യൂനുസ് ധാക്കയിൽ വിമാനമിറങ്ങുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇടക്കാല സർക്കാർ അധികാരമേൽക്കുമെന്നാണ് വ്യക്തമാകുന്നത്. പതിനഞ്ചംഗ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകും എന്നതിലാണ് ഇനി ആകാംഷ.

അതേസമയം പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടോടിയ ശേഖ് ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവർ മറ്റ് രാജ്യങ്ങളിലേക്ക് ശ്രമം തുടരുകയാണ്. രാഷ്ട്രീയ അഭയം ഏതെങ്കിലും രാജ്യത്ത് ലഭിക്കുന്നതുവരെ അഭയം നൽകാമെന്നാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *